ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറി. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫീസാണ് സേവാ തീർഥ് എന്ന പുതിയ മന്ദിരത്തിലേക്കു മാറിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി റെയ്സീന ഹില്ലിന് സമീപത്താണ് പുതിയ ഓഫീസ്.
സൗത്ത് ബ്ലോക്കില്‍ നടന്ന അവസാന കേന്ദ്ര മന്ത്രിസഭായോഗത്തിന് പിന്നാലെ പുതിയ ഓഫീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിനുപിന്നാലെ നാല് പ്രധാന ഫലുകളിൽ പ്രധാനമന്ത്രി ഒപ്പുവച്ചു. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തുക രണ്ടുലക്ഷം കോടിയാക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി.
സ്വയം സഹായസംഘങ്ങൾ വഴി വനിതാ ശാക്തീകരണത്തിനുള്ള ലാഖ്പതി ദീദി പദ്ധതിക്ക് കീഴിലെ സ്ത്രീകളുടെ എണ്ണം മൂന്നിൽ നിന്ന് ആറ് കോടിയായി ഉയർത്തും. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് ഒന്നര ലക്ഷം വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയുടെ ഫയലിലും മോദി ഒപ്പുവെച്ചു.
സ്റ്റാർട്ട് ആപ്പ് ഇന്ത്യ മിഷന് പതിനായിരം കോടി രൂപ നീക്കിവെക്കാനുള്ള ഫയലിനും അംഗീകാരം നൽകി. സേവാതീര്‍ഥില്‍ ക്യാബിനറ്റ് യോഗങ്ങൾക്കായി പ്രത്യേക കോൺഫറൻസ് ഹാളും ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, വിദേശ അതിഥികളെ സ്വീകരിക്കാനുള്ള ഇന്ത്യാ ഹൗസുമുണ്ട്.